കാഞ്ഞിരപ്പള്ളി രൂപതയില്‍ ദശാംശപ്പിരിവ്
പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഫോറത്തില്‍ കുടുംബാംഗങ്ങളുടെയെല്ലാം പേരുവിവരവും ജോലിയും, ഓരോരുത്തരും ദശാംശമായി നല്‍കേണ്ട തുകയും അച്ചടിച്ച് കാഞ്ഞിരപ്പള്ളി രൂപത ഓരോ കുടുംബത്തിനും വിതരണം ചെയ്തിരിക്കുകയാണ് എന്നറിയുന്നു. 2013-14 സാമ്പത്തികവര്‍ഷം ഓരോ കുടുംബവും ഇടവകപ്പള്ളിയലടയ്‌ക്കേണ്ട മൊത്തം ദശാംശത്തുക എത്രയെന്നു കൃത്യമായി കാണിക്കുന്ന ഫോറമാണ് നല്‍കുന്നത്. 'ജീവന്‍ 2015' എന്ന പേരില്‍, 'പങ്കുവയ്ക്കലിലൂടെ ജീവന്റെ സമൃദ്ധിയിലേക്ക്' എന്ന മുദ്രാവാക്യത്തിന്റെയും, ഹെബ്രായര്‍ക്കുള്ള ലേഖനത്തിലെ, 'നന്മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കുന്നതിലും ഉപേക്ഷ വരുത്തരുത്. അത്തരം ബലികള്‍ ദൈവത്തിനു പ്രീതികരമാണ്'' (ഹെബ്രാ. 13:16) എന്ന ബൈബിള്‍ വചനത്തിന്റെയും അകമ്പടിയോടെയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ ഈ പകല്‍ക്കൊള്ള!
ജോലിയൊന്നുമില്ലാത്ത ഒരു ഡസനോളം അംഗങ്ങളുള്ള ഒരു കുടുംബത്തിലെ കര്‍ഷകനായ ഗൃഹനാഥന്റെ പേരില്‍ 1500/- ഓളം രൂപയാണ് ദശാംശം നല്‍കാന്‍ 'ജീവന്‍ 2015' കല്പിച്ചിരിക്കുന്നത്! അപ്പോള്‍, മറ്റു വരുമാനവും ഉദ്യോഗസ്ഥരുമുള്ള കുടുംബങ്ങള്‍ക്ക് എത്രയാകും 'ശിക്ഷ' എന്നൂഹിക്കുക.
വിശ്വാസികള്‍ക്കു പ്രാതിനിധ്യമില്ലാതെയെടുക്കുന്ന ഏതു നിയമവും തീരുമാനവും അക്കാരണത്താല്‍ത്തന്നെ അസാധുവാണ്. വിശ്വാസികള്‍ ദശാംശം നല്‍കണമെന്നു പറയാന്‍, ദശാംശംപോയിട്ട്, നേര്‍ച്ചപോലും നല്‍കാത്ത മെത്രാനും വൈദികനും ആര്?
മനുഷ്യര്‍ തങ്ങള്‍ക്കുള്ളവ, പരസ്പരം പങ്കുവച്ച് ജീവിക്കേണ്ടവര്‍തന്നെയാണ്, സംശയമില്ല. എന്നാല്‍, അതെങ്ങനെ, ആര്‍ക്കൊക്കെ, എത്രമാത്രം പങ്കുവയ്ക്കണമെന്നു തീരുമാനിക്കേണ്ടത് ഓരോ മനുഷ്യനും ഓരോ കുടുംബവുമാണ്. അതിനായി, ദരിദ്രരും രോഗികളും ആര്‍ത്തരും ആലംബഹീനരുമായി എത്രയോപേര്‍ ഓരോരുത്തരുടെയും ചുറ്റുപാടില്‍, തങ്ങളുടെ അയല്‍പക്കങ്ങളില്‍ത്തന്നെയുണ്ട്! അതിനിടയില്‍ ഒരു സ്ഥാപനം വീടുകളിലേക്ക് അധികാരത്തോടെ കടന്നുവന്ന്, 'ഇതാണ് നിങ്ങള്‍ നല്‍കേണ്ട ദശാംശം, എടുക്ക് പണം' എന്നാജ്ഞാപിക്കാന്‍ തുനിഞ്ഞാല്‍, 'കടക്ക് പുറത്ത്' എന്നു നട്ടെല്ലു നിവര്‍ത്തിനിന്ന് നാം പറഞ്ഞേ തീരൂ. അതിനുള്ള ധീരത നാം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു.


No comments:
Post a Comment