ജോസഫ് പുലിക്കുന്നേലിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും അറിയാം
മലയാളം ബൈബിളിലൂടെ മലയാളി ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടുന്ന പേരാണ് ജോസഫ് പുലിക്കുന്നേലിന്റേത്. കത്തോലിക്കാ സഭയുടെ അധികാരങ്ങളില്‍ സാധാരണ വിശ്വാസികള്‍ക്കു കൂടുതല്‍ പങ്കു കിട്ടുംവിധമുള്ള പരിവര്‍ത്തനത്തിനു വേണ്ടി വാദിക്കുന്ന പുലിക്കുന്നേല്‍ നിരവധി പുസ്തകങ്ങളുടെ രചയിതാവും ‘ഓശാന’ എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമാണ്. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട്, അവയെ വളര്‍ച്ചയ്ക്കുള്ള സന്ദര്‍ഭങ്ങളാക്കി മാറ്റിയ ജോസഫ് പുലിക്കുന്നേലിന്റെ ജീവിതം വരുംതലമുറയ്ക്കും മാതൃകയാകേണ്ടതുണ്ട്.
പുലിക്കുന്നേലിനെക്കുറിച്ചും അദ്ദേഹം സ്ഥാപിച്ച ഓശാന മൗണ്ടിന്റെ സ്ഥാപനങ്ങളെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിയാന്‍ സഹായകമായ ഒരു വെബ്‌സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.www.josephpulikunnel.com എന്ന സൈറ്റാണ് പുലിക്കുന്നേല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്.
1932 ഏപ്രില്‍ 14ന് ഭരണങ്ങാനത്തു ജനിച്ച ജോസഫ് പുലിക്കുന്നേല്‍ കത്തോലിക്കാസഭയിലെ പരിഷ്‌കരണവാദിയും പുരോഹിത നേതൃത്വത്തിന്റെ തീവ്രവിമര്‍ശകനുമാണ്. കോഴിക്കോട് ദേവഗിരി കോളജില്‍ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. കെ.പി.സി.സി അംഗമായിരുന്ന അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നു വിഘടിച്ചവര്‍ ചേര്‍ന്ന് 1964ല്‍ രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെംബറായിരുന്ന അദ്ദേഹം ഇപ്പോള്‍ കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസിന്റെ ഡയറക്ടറാണ്.
മരുന്നു വാങ്ങാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് മരുന്നായും പഠിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് സ്‌കോളര്‍ഷിപ്പായും കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീടായും പ്രമേഹബാധിതരായവര്‍ക്ക് ധനസഹായമായും കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമായും പ്രത്യക്ഷപ്പെട്ട പുലിക്കുന്നേലിന്റെ ജീവിതയാത്രയുടെ കഥ പറയുന്ന ഏകാന്തദൗത്യം: ജോസഫ് പുലിക്കുന്നേലിന്റെ ജീവിതം എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകം എഡിറ്റ് ചെയ്തത് റോസമ്മ ഏബ്രഹാം ആണ്.
ചര്‍ച്ച് റിഫോര്‍മറായും നിസ്വാര്‍ത്ഥ സേവകനായും പ്രവര്‍ത്തിച്ച ജോസഫ് പുലിക്കുന്നേലിന്റെ ജീവിതം ഏകാന്തദൗത്യം തന്നെയായിരുന്നുവെന്ന് ഈ പുസ്തകം വിലയിരുത്തുന്നു. സുകുമാര്‍ അഴീക്കോട്, സക്കറിയ, വിഷ്ണു നാരായണന്‍ നമ്പൂതിരി, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരായ എം.എ. ജോണ്‍, കെ.സി.വര്‍ഗീസ്, എം.വി.ബെന്നി തുടങ്ങിയവര്‍ എഴുതിയ ലേഖനങ്ങളും അഭിമുഖങ്ങളും നിരീക്ഷണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

No comments:
Post a Comment