Monday, April 13, 2015

ചാവറ അച്ചന്‍െറ ചരിത്രം വളച്ചൊടിക്കാന്‍ സി.എം.ഐ ശ്രമമെന്ന് വരാപ്പുഴ അതിരൂപത

ചാവറ അച്ചന്‍െറ ചരിത്രം വളച്ചൊടിക്കാന്‍ സി.എം.ഐ ശ്രമമെന്ന് വരാപ്പുഴ അതിരൂപത

ചാവറ അച്ചന്‍െറ ചരിത്രം വളച്ചൊടിക്കാന്‍ സി.എം.ഐ ശ്രമമെന്ന് വരാപ്പുഴ അതിരൂപത
കൂനമ്മാവ് ദേവാലയം തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും
കൊച്ചി: വിശുദ്ധനാക്കപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍െറ പേരില്‍ സി.എം.ഐ സഭ ചരിത്രം വളച്ചൊടിക്കുകയാണെന്ന് വരാപ്പുഴ അതിരൂപത. സി.എം.ഐ സഭയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരത്തില്‍ ചാവറയച്ചന്‍ ജീവിതത്തിന്‍െറ അവസാന സമയത്ത് കഴിച്ചു കൂട്ടിയ കൂനമ്മാവ് സെന്‍റ് ഫിലോമിന ദേവാലയത്തെക്കുറിച്ചും അദ്ദേഹം അവിടെ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതിപാദിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് വരാപ്പുഴ അതിരൂപത ആര്‍ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്‍െറ വിമര്‍ശം. അതിരൂപത ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് ആര്‍ച് ബിഷപ് വിമര്‍ശമുന്നയിച്ചത്.

ജീവിതത്തിന്‍െറ അവസാന ഏഴുവര്‍ഷം ചാവറയച്ചന്‍ സേവനം ചെയ്തത് കൂനമ്മാവിലായിരുന്നു.1864 ജനുവരി 12 നാണ് അദ്ദേഹം കൂനമ്മാവ് സെന്‍റ് ഫിലോമിനാസ് ആശ്രമത്തിന്‍െറ പ്രിയോര്‍ ആയി മാന്നാനത്ത് നിന്ന് എത്തുന്നത്. ഇവിടെ കേന്ദ്രീകരിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തി.1871 ജനുവരി മൂന്നിന് കൂനമ്മാവ് സെന്‍റ് ഫിലോമിന ആശ്രമത്തില്‍ വെച്ച് മരണപ്പെട്ട ചാവറയച്ചന്‍െറ ഭൗതിക ശരീരം കൂനമ്മാവ് പള്ളിയുടെ അള്‍ത്താരയില്‍ തന്നെ അടക്കി. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് മാന്നാനത്തുനിന്ന് സി.എം.ഐ സഭ അധികൃതര്‍ എത്തി അദ്ദേഹത്തിന്‍െറ ശരീരാവശിഷ്ടങ്ങള്‍ കൊണ്ടുപോയത്.ചാവറയച്ചനെ ധന്യനായി പ്രഖ്യാപിക്കാനുള്ള അദ്ഭുത കൃപ ലഭിച്ചതും കൂനമ്മാവില്‍ നിന്നാണ്. ചരിത്രത്തിന്‍െറ ഭാഗമായ ഇക്കാര്യങ്ങള്‍ വളച്ചൊടിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ളെന്നും ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ പറഞ്ഞു. ഇതിനെതിരെ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്. വളച്ചൊടിച്ച ചരിത്രത്തിന്‍െറ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മാന്നാനത്തിന് ധനസഹായം നല്‍കിയത്. തെറ്റിദ്ധാരണ മാറ്റുന്നതിന്‍െറ ഭാഗമായി സീറോ മലബാര്‍ സഭ ആര്‍ച് ബിഷപ് ജോര്‍ജ് ആലഞ്ചേരിയും സി. എം. ഐ സഭ നേതൃത്വമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ പറഞ്ഞു.

നവംബര്‍ 23 ന് റോമില്‍ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന സമയത്ത് ചാവറയച്ചന്‍ അവസാനമായി പ്രവര്‍ത്തിച്ചിരുന്ന കൂനമ്മാവ് സെന്‍റ് ഫിലോമിനാ ദേവാലയം തീര്‍ഥാടന കേന്ദ്രമായി വരാപ്പുഴ അതിരൂപത പ്രഖ്യാപിക്കും. ഇതിന്‍െറ ഭാഗമായി പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനകളും ആഘോഷങ്ങളും നടത്തും.

ദേവാലയം തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്‍െറ ഭാഗമായി കൂനമ്മാവ് പള്ളിയുടെയും ചാവറയച്ചന്‍െറയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബ്രോഷര്‍ വികാരി ആന്‍റണി ചെറിയകടവിന് നല്‍കി ആര്‍ച് ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ പ്രകാശനം ചെയ്തു. ചാവറയച്ചന്‍െറ കാര്യത്തില്‍ മാന്നാനത്തിനൊപ്പം കൂനമ്മാവിനും പ്രാധാന്യമുണ്ടെന്നും ഇക്കാര്യത്തില്‍ സഭകള്‍ തമ്മില്‍ അനാവശ്യ തര്‍ക്കത്തിനില്ളെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അതിരൂപത ഒൗദ്യോഗിക വക്താവ് ഫാ.ആന്‍റണി വിപിന്‍ സേവ്യറും പറഞ്ഞു.

No comments:

Post a Comment