പണിക്കൂലി കേട്ട് ഞെട്ടിയ ഉണ്ണിക്കൃഷ്‌ണന്‍ സ്വയം കൊട്ടാരം തീര്‍ത്തു !
പന്തളം : വേണമെങ്കില്‍ ഉണ്ണികൃഷ്‌ണന്‍ നായര്‍ (45) സ്വന്തം കൈകൊണ്ട് വീടും നിര്‍മ്മിക്കും. ചെറിയ വീടല്ല. ഇമ്മിണി വലിപ്പമുള്ള ഇരുനിലവീടുതന്നെ. മനസില്‍ കണ്ടത് വീടാണെങ്കില്‍ പണിതുവന്നപ്പോള്‍ അത് കൊട്ടാരമായി മാറി. മനസില്‍ കണ്ട പ്ലാനനുസരിച്ച് വീട് നിര്‍മ്മിച്ചപ്പോള്‍ ലാഭിച്ചത് പതിനഞ്ചുലക്ഷത്തോളം രൂപ. നൈജീരിയന്‍ മറൈന്‍ മെക്കാനിക്കായ കുളനട പനങ്ങാട് സുധാസദനം ഉണ്ണികൃഷ്‌ണന്‍ നായര്‍ക്ക് ഇതൊന്നും വലിയ പെടാപ്പാടല്ല. മനസുവെച്ചാല്‍ ആര്‍ക്കും ഒറ്റയ്‌ക്ക് വീടുവയ്‌ക്കാമെന്ന് തെളിയിച്ച ഇദ്ദേഹം കുളനടക്കാര്‍ക്ക് മാതൃകയാവുകയാണ്.
വീടിന്റെ ആകെ വലിപ്പം 1730 ചതുരശ്രഅടി. താഴത്തെ നിലയ്‌ക്ക് 1028 ചതുരശ്രഅടിയും മുകളിലുള്ള നിലയ്‌ക്ക് 450 ചതുരശ്ര അടിയുമാണ് വിസ്‌തീര്‍ണ്ണം. മേല്‍ക്കൂര മുഴുവന്‍ മേച്ചില്‍ ഓട്. കോണ്‍ക്രീറ്റ് തൊട്ടിട്ടില്ല. രണ്ടാംനിലയില്‍ തടിയില്‍ നിര്‍മ്മിച്ച മച്ച് കുളിര്‍മ പരത്തുന്നു. സ്‌റ്റെയര്‍കെയ്‌സ് ഉള്‍പ്പെടെയുള്ളവയും തടി ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിനായി പഴയ വീടിന്റെ ചില ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തിയതും ലാഭത്തിന് ഇടയാക്കി. ഭംഗിയുള്ള നടുമുറ്റം. ആധുനികത വിളിച്ചോതുന്ന ഹാള്‍. മുന്ന് ബഡ്‌റൂമുകള്‍. രണ്ട് ബാത്ത്‌റൂം, കിച്ചണ്‍, വര്‍ക്ക് ഏരിയ, റൂഫ് സീലിംഗ്, ഇലക്‌ട്രിക് പണികള്‍, പ്ലംബിംഗ് ജോലികള്‍ ഇവയെല്ലാം ഉണ്ണികൃഷ്‌ണന്‍ സ്വന്തംകൈകളാല്‍ ചെയ്‌തു തീര്‍ത്തു. എല്ലാറ്റിനും ഒരു സഹായി ഉണ്ട്. ജ്യേഷ്‌ഠന്റെ മകനും വിദ്യാര്‍ഥിയുമായ ജിതിന്‍. ടൈലിന്റെ പണി കുറച്ച് ചെയ്‌തെങ്കിലും പത്താമുദയത്തിന് താമസം മാറേണ്ടതിനാല്‍ ഒരു ജോലിക്കാരന്റെകൂടി സഹായം വേണ്ടിവന്നു.
സ്വന്തം കൈകൊണ്ട് കെട്ടിടം കെട്ടാന്‍ ഉണ്ണികൃഷ്‌ണനെ പ്രേരിപ്പിച്ചത് ജോലിക്കാരുടെ അഭാവമാണ്. പേരാത്തതിന് വന്‍ കൂലിയും. കഴിഞ്ഞ ഓണത്തിനാണ് വീടിന്റെ പണി തുടങ്ങിയത്. ഉണ്ണികൃഷ്‌ണന്‍ നായര്‍ അന്ന് നൈജീരിയയിലായിരുന്നു. വീട് പണി തുടങ്ങി മൂന്നുമാസം പിന്നിട്ടപ്പോള്‍ നാട്ടിലെത്തി. ഇതിനിടെ ഭിത്തികെട്ട് തുടങ്ങിയിരുന്നു. ആശാരിയെ സമീപിച്ചപ്പോള്‍ സമയത്തിന് കിട്ടിയില്ല. ഇതോടെ ഉണ്ണികൃഷ്‌ണന നായര്‍ ആകെ വിഷമിച്ചു. ആഴ്‌ചകളും മാസങ്ങളും ആശാരിക്കുവേണ്ടി കാത്തു. പിന്നീട് ഒന്നും ചിന്തിച്ചില്ല. ഇനി ആശാരിയുടെ സഹായം വേണ്ടെന്നുവച്ചു. ജനാലകള്‍ മുഴുവന്‍ പട്ട ഉപയോഗിച്ച് നിര്‍മ്മിച്ചു. മുന്‍വാതില്‍ ആധുനിക സംവിധാനത്തോടെ നിര്‍മ്മിക്കണമെങ്കില്‍ ആശാരിക്ക് നല്‍കേണ്ടത് 50,000 രൂപ. ചെലവുകേട്ട് ഞെട്ടിയ ഉണ്ണികൃഷ്‌ണന്‍ പട്ടയും തടിയും ഉപയോഗിച്ച് പൂമുഖ വാതിലും നിര്‍മ്മിച്ചു. ചിലവ് വെറും 15,000 രൂപ.
പിന്നീട് പണി ഓരോന്നും സ്വന്തമായി തന്നെ ചെയ്‌തുതുടങ്ങി. ഭിത്തികെട്ടിനും തേപ്പിനും ആരുംവേണ്ടായിരുന്നുവെന്ന് പിന്നീടാണ് ചിന്തിച്ചത്. അറിഞ്ഞുകൂടാത്തത് അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കിയായിരുന്നു നിര്‍മ്മാണം. മേല്‍ക്കൂര നിര്‍മാണത്തിന് തടിയിലുള്ള ഉണ്ണികൃഷ്‌ണന്‍ നായരുടെ കരവിരുതാണ് ഏറെ ആകര്‍ഷണീയം. മേല്‍ക്കൂരയില്‍നിന്നും പ്രകാശരശ്‌മികള്‍ താഴെ നടുമുറ്റത്ത് പതിക്കുന്നത് ഏറെ ആകര്‍ഷണീയമാണ്. അടുക്കളയിലെ തടിപ്പണികള്‍ ഭംഗിയും മികവും വിളിച്ചോതുന്നു.
30 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിച്ച വീട് 15 ലക്ഷം രൂപയ്‌ക്ക് പണിതീര്‍ക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഉണ്ണികൃഷ്‌ണന്‍നായര്‍. ശ്രമിച്ചാല്‍ നമുക്ക് എന്തും കീഴടക്കാന്‍ കഴിയുമെന്ന ചിന്തയാണ് ഉണ്ണികൃഷ്‌ണന്‍ നായരെ വീട് നിര്‍മാണത്തിന് പ്രേരിപ്പിച്ചത്. ശ്രീകലയാണ് ഭാര്യ. മകള്‍: ശ്രുതി കൃഷ്‌ണന്‍.
mangalam newspaper


No comments:
Post a Comment